ശ്രദ്ധ നേടി നിവിൻ പോളി ചിത്രം പടവെട്ടിലെ മനോഹര ഗാനം കാണാം..

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടവെട്ട് . നവാഗത സംവിധായകനായ ലിജു കൃഷ്ണ ഒരുക്കുന്ന ഈ ചിത്രം ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ഇതിനോടകം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവയൊക്കെ വളരെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അവയ്ക്ക് പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ദിവസം മുൻപ് ഈ ഗാനത്തിന്റെ ഒരു പ്രോമോ വീഡിയോ പുറത്ത് വരികയും അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മഴപ്പാട്ട് എന്ന പേരിൽ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് അതിമനോഹരമായ ഒരു പ്രണയ ഗാനമാണ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനം നേടുന്നത്. അൻവർ അലിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത, ആനി അമി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ഗോവിന്ദ് വസന്ത തന്നെയാണ് ഈ ഗാനത്തിന് ഈണം ഒരുക്കിയിട്ടുള്ളതും. സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. നിവിൻ പോളി ആരാധകരും സിനിമ പ്രേമികളും ഏറെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് പടവെട്ട്.

ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അദിതി ബാലനാണ് . ഇപ്പോൾ പുറത്ത് വന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നത് നിവിൻ പോളി – അദിതി ബാലൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കുള്ളിൽ മൊട്ടിടുന്ന പ്രണയ രംഗങ്ങളാണ്. വലിയ രീതിയിലുള്ള ശാരീരിക മാറ്റമാണ് ഈ ചിത്രത്തിന് വേണ്ടി നടൻ നിവിൻ പോളി നടത്തിയത്. ഈ ചിത്രം നിർമ്മിക്കുന്നത് യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവ ചേർന്നാണ്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും ഈ ചിത്രത്തിന്റെ പ്രധാന സഹ കഥാപാത്രനിരയിലുണ്ട്. ഷെഫീഖ് മുഹമ്മദ് അലിയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ദീപക് ഡി മേനോൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ .