അടിക്കണ അനുസരിച്ച് നമ്മൾ ഓൺ ആയികൊണ്ടെ ഇരിക്കും.. ശ്രദ്ധ നേടി ഒമർ ലുലു ചിത്രം നല്ല സമയം.. ട്രൈലർ കാണാം..

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് , ഒരു അഡാർ ലവ്’, ധമാക്ക തുടങ്ങി സിനിമകൾ ചെയ്ത് മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമർ ലുലു. ഒമർ ലുലുവിന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കുന്ന പുത്തൻ ചിത്രമാണ് നല്ല സമയം . പതിവുപോലെ തന്നെ ഒമർ ലുലു എന്ന സംവിധായകൻ നിരവധി പുതുമുഖ താരങ്ങളുമായാണ് ഈ ചിത്രത്തിലും എത്തുന്നത്. മലയാള സിനിമയിലെ ആദ്യ മുഴുനീള സ്‌റ്റോണർ കോമഡി ചിത്രമാണ് നല്ല സമയം .

നവംബർ 25 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. കാട്ടു കോഴിയായ സാമിയുടേയും നാലു പെൺകുട്ടികളുടേയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. വൺ ടു ത്രീ മ്യൂസിക്സിന്റെ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ 21 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. തൃശ്ശൂരിന്റെ മണ്ണിൽ അരങ്ങേറുന്ന ഈ രസകരമായ കഥ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ .

ഇർഷാദ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത് അഞ്ച് പുതുമുഖ താരങ്ങളാണ്. നീന മധു , ഗായത്രി ശങ്കർ , നോറ ജോൺസൺ, നന്ദന സഹദേവൻ , സുവൈബത്തുൽ ആസ്ളമിയ്യ തുടങ്ങിയവരാണ് ഈ പുതുമുഖ താരങ്ങൾ. ഇവരെ കൂടാതെ വിജീഷ്, ശാലു റഹീം . ശിവജി ഗുരുവായൂർ , ജയരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത് .

കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ കലന്തൂരാണ് നിർമ്മിക്കുന്നത് . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ഒമർ ലുലു , ചിത്ര എസ് എന്നിവർ ചേർന്നാണ് . സിനു സിദ്ധാർത്ഥ് ആണ് ക്യാമറ കൈകാര്യം ചെയ്തത് . രതിൻ രാധാകൃഷ്ണനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.